ഇരിട്ടി: കേരളാ പോലീസിന്റെ ഓപ്പറേഷൻ സൈഹണ്ടിന്റെ ഭാഗമായി കണ്ണൂരിൽ ഏഴോളം കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കരിക്കോട്ടകരിയിലും മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലുമായി രണ്ട് വിത്യസ്ത കേസുകളിൽ മൂന്ന് പേർക്കെതിരേ കേസെടുത്തു. ഇതിൽ കരിക്കോട്ടക്കരി വലിയപറമ്പുംകരി സ്വദേശി ജിതിൻ തോമസ് (29), വാളത്തോട് സ്വദേശി അഭിജിത് ജയൻ (28)എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
മാടത്തിൽ പ്രവർത്തിച്ചുവന്ന റൈറ്റ് ഡയറക്ഷൻ എന്ന സ്ഥാപനത്തിന്റെ ഫെഡറൽ ബാങ്ക് വള്ളിത്തോട് ശാഖയിലെ അക്കൗണ്ട് വഴി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ നിക്ഷേപിച്ച പണം പിൻവലിച്ചതായും ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി അനധികൃതമായി വന്ന 41,50,000 രൂപ ബാങ്കിൽനിന്നു പിൻവലിച്ചതായും കണ്ടെത്തിയിരുന്നു. പോലീസ് റെയ്ഡിൽ ഇവരുടെ വീടുകളിൽനിന്നും മൊബൈൽ ഫോണും മറ്റ് ബാങ്ക് രേഖകളും പിടിച്ചെടുത്തു.
മുഴക്കുന്ന് പോലീസ് നടത്തിയ റെയ്ഡിൽ അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ് നിഹാൽ (21) സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പ്രതി അഞ്ചോളം ബാങ്ക് അക്കൗണ്ടുകൾ ഇതിനായി ഉപയോഗിച്ചതായും പോലീസ് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തി. പ്രതി പഠന ആവശ്യങ്ങൾക്കായി എറണാകുളത്തായിരുന്നതുകൊണ്ട് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇരിട്ടി എസ്ബിഐ ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് പ്രതി 13,50,000 രൂപ പിൻവലിച്ചതായും രേഖകളിൽനിന്നും പോലീസ് കണ്ടെത്തി. വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ എസ്ബിഐ, കാനറാ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ പാസ്ബുക്കുകളും ആക്സിസ് ബാങ്ക്, ഇസാഫ് ബാങ്ക് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ചെക്ക് ബുക്കുകളും കണ്ടെത്തി.
കണ്ണൂർ: ഓപ്പറേഷൻ സൈ-ഹണ്ട് 3.0 യുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നടത്തിയ പരിശോധനയിൽ രണ്ടു പേർ അറസ്റ്റിൽ. ചൊക്ലി സ്റ്റേഷൻ പരിധിയിലെ അർജുൻ എന്നയാളും പാനൂർ സ്റ്റേഷൻ പരിധിയിലെ അനൂപ് എന്നയാളുമാണ് അറസ്റ്റിലായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പുകൾക്ക് വേണ്ടി അക്കൗണ്ട് എടുത്തു നൽകിയവരെയും ഇത്തരത്തിലുള്ള തട്ടിപ്പിൽപ്പെട്ട പണം എടിഎം വഴിയും ചെക്ക് വഴിയും പിൻവലിച്ചവരെയും കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സൈ-ഹണ്ട് 3.0 എന്ന പേരിൽ പരിശോധന നടത്തിയത്.
ഓപ്പറേഷൻ വിഭാഗം നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പരിശോധിച്ചതിൽ കേരളത്തിൽനിന്നും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സിറ്റി പോലീസ് പരിധിയിൽ 48 പരിശോധനകൾ നടത്തിയതിൽ 21 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. 38 എണ്ണം ചെക്ക് വഴിയും മൂന്നെണ്ണം എടിഎം വഴിയും പണം പിൻവലിച്ചതാണ്.
സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം സിറ്റി പോലീസ് ജില്ലാ പരിധിയിലെ വിവിധ സ്റ്റേഷൻ പരിധിയിലാണ് പരിശോധന നടത്തിയത്.
സൈബർ തട്ടിപ്പുകൾക്കായി സ്വന്തം അക്കൗണ്ട് നൽകുക, മറ്റൊരാൾക്ക് അക്കൗണ്ട് എടുത്തുനൽകുക, തട്ടിപ്പ് പണം എടിഎം, ചെക്ക് എന്നിവ വഴി പിൻവലിക്കൽ എന്നിങ്ങനെ ഇത്തരം തട്ടിപ്പുകളിൽ കണ്ണികളാകുന്നവർക്കെതിരെയും 'ഓപ്പറേഷൻ സൈ-ഹണ്ട്' നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
യുവാക്കൾ ഏജന്റുമാരുടെ കെണിയിൽ വീഴുന്നു
കേരളത്തിന് പുറത്ത് ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകൾ വഴി പണമായി മാറ്റുന്ന മറ്റൊരു തട്ടിപ്പാണിത്. ഇതിൽ കുടുങ്ങുന്നത് കേസുമായി പ്രത്യക്ഷമായി ബന്ധമില്ലാത്തവരാണ്. കേരളത്തിൽ ഉൾപ്പെടെ പ്രവൃത്തിക്കുന്ന ഏജന്റുകൾ മുഖേന യുവാക്കളെ കണ്ടെത്തിയാണ് തട്ടിപ്പിലൂടെ ലഭിച്ച പണം ഇത്തരം സംഘങ്ങൾ പണമാക്കി മാറ്റുന്നത്. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നവർക്ക് ഒരു നിശ്ചിത തുക കമ്മീഷനായി നൽകിയാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.
ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം സംഘങ്ങൾ അടുത്ത നിമിഷം തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റും. എൻസിആർപി പോർട്ടലുകളിലൂടെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ പോലീസ് കണ്ടെത്തുന്നത് .വിദ്യാർഥികൾ ഉൾപ്പെടെ യുവാക്കൾക്ക് അമിതലാഭം വാഗ്ദാനം ചെയ്താണ് ഇത്തരം സംഘങ്ങൾ ദേശവിരുദ്ധ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്.